Subscribe Us

കായലില്‍ കാട്ടുവള്ളിയില്‍ പിടിച്ച് ഒരുരാത്രി

ഉദയനാപുരം ഇല്ലിച്ചിറയില്‍ കുഞ്ഞമ്മയ്ക്കിത് ദൈവം നല്‍കിയ രണ്ടാംജന്മം. കായലിലേക്ക് ചാഞ്ഞുകിടന്നിരുന്ന വള്ളിയില്‍ പിടികിട്ടിയില്ലായിരുന്നെങ്കില്‍ എന്തുസംഭവിക്കുമായിരുന്നെന്ന് ഓര്‍ക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ ഭയം നിറയുന്നു. എഴുപത്തഞ്ചുകാരിയായ കുഞ്ഞമ്മ 12 മണിക്കൂറാണ് പെരുമഴയത്ത് കായലില്‍ മരണത്തെ മുഖാമുഖം കണ്ട് വള്ളിയില്‍ പിടിച്ചുകിടന്നത്.

ഇവര്‍ മകന്റെയൊപ്പം ഉദയനാപുരത്താണ് താമസിച്ചിരുന്നത്. രണ്ടുദിവസംമുമ്പ് മറവന്‍തുരുത്തിലുള്ള മകളുടെയടുത്തു വന്നതാണ്.
വ്യാഴാഴ്ച വൈകീട്ട് ആറിന് തിരികെ വീട്ടില്‍ പോകുന്നതിന് ഇറങ്ങി. മറവന്‍തുരുത്തില്‍നിന്ന് ഉദയനാപുരത്തേക്ക് നടന്നുവരുന്നതിനിടെ കാല്‍ കഴുകുന്നതിന് ഇത്തിപ്പുഴയില്‍ ഇറങ്ങി. മൂവാറ്റുപുഴയാറിന്റെ കൈവഴിയാണിത്.

കാല്‍വഴുതി പുഴയില്‍ വീണു. ശക്തമായ മഴയും കാറ്റും നല്ല ഒഴുക്കും. ആഴങ്ങളില്‍ മുങ്ങിപ്പൊങ്ങിയ കുഞ്ഞമ്മ കുത്തൊഴുക്കില്‍ നാലുകിലോമീറ്ററോളം താഴേക്കുപോയി. വൈക്കം കായലില്‍ എത്തി.

രക്ഷിക്കണമെന്ന് പലതവണ അലറിവിളിച്ചെങ്കിലും ശബ്ദം പുറത്തേക്കുവന്നില്ല. പോളയിലും പായലിലുംപെട്ട് കായലിലൂടെ ഒഴുകുന്നതിനിടെ ഒരു കാട്ടുവള്ളി കൈയില്‍ കിട്ടി. അതില്‍ മുറുകെപ്പിടിച്ചുകിടന്നു. എത്രനേരം അങ്ങനെ കിടന്നെന്ന് കുഞ്ഞമ്മയ്ക്ക് ഓര്‍മയില്ല.

വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ മൂന്നുപേര്‍ വള്ളത്തില്‍ പോകുന്നതുകണ്ട് ഉറക്കെ നിലവിളിച്ചു. കക്കവാരാന്‍ പോകുകയായിരുന്ന ഉദയനാപുരം സ്വദേശി രചനിയില്‍ ദിനേശന്‍, കാരിയില്‍ സന്തോഷ്, തൃപ്പല്ലിക്കാട് സുനില്‍ എന്നിവരാണ് യന്ത്രം ഘടിപ്പിച്ച വള്ളത്തില്‍ ഉണ്ടായിരുന്നത്.

ശബ്ദംകേട്ട ഭാഗത്ത് അവര്‍ വള്ളം അടുപ്പിച്ചു. തണുത്തുവിറച്ച് വള്ളിയില്‍ തൂങ്ങിക്കിടന്ന കുഞ്ഞമ്മയെ അവര്‍ വള്ളത്തില്‍ കയറ്റി. കായലിന്റെ ഇടുങ്ങിയ ഈഭാഗത്ത് നല്ല ആഴമുണ്ടായിരുന്നു. അടുത്തുള്ള വീട്ടില്‍ എത്തിച്ചു.

തുടര്‍ന്ന് മകനെ വിവരം അറിയിക്കുകയായിരുന്നു. കൈയിലുണ്ടായിരുന്ന റേഷന്‍കാര്‍ഡ് പുഴയില്‍ നഷ്ടപ്പെട്ടെന്ന് കുഞ്ഞമ്മ പറഞ്ഞു. കടന്നുപോയ ഭീകരരാത്രിയുടെ ഞെട്ടലില്‍നിന്ന് ഇവര്‍ മോചിതയായിട്ടില്ല

Post a Comment

0 Comments

CLOSE ADS


CLOSE ADS