Subscribe Us

വീട്ടിലെ തടവറയില്‍ 10 കൊല്ലം

മുംബൈ: പത്തുവര്‍ഷമായി പുറംലോകം കാണാതെ മുറിക്കുള്ളില്‍ കഴിഞ്ഞിരുന്ന യുവാവിനെ നവിമുംബൈ പോലീസും സാമൂഹികപ്രവര്‍ത്തകരും ചേര്‍ന്നു മോചിപ്പിച്ചു. ബേലാപുരിലെ ഫ്‌ലാറ്റില്‍ നിന്നാണ് ഇരുപത്തിരണ്ടുകാരനായ രാജ് പട്ടേലിനെ പുറത്തെത്തിച്ചത്. ചികിത്സയ്ക്കായി രാജിനെ ഡി.വൈ. പാട്ടീല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു .

ബേലാപുരിലെ സഞ്ജീവനി ഫ്‌ലാറ്റില്‍ രാജിന്റെ കുടുംബത്തിന് സ്വന്തമായുള്ള രണ്ടുനിലകളില്‍ ഒന്നിലെ മുറിയിലാണ് യുവാവിനെ പൂട്ടിയിട്ടിരുന്നത്. താഴത്തെനിലയിലാണ് കുടുംബാംഗങ്ങള്‍ കഴിഞ്ഞിരുന്നത്. രാജിന്റെ അച്ഛന്‍ ബിസിനസ്സുകാരനാണ്. ഒമ്പതുമക്കള്‍ കൂടിയുണ്ട് ഇയാള്‍ക്ക്. എന്തിനാണ് രാജിനെ പൂട്ടിയിട്ടത് എന്ന് വ്യക്തമല്ല. രണ്ടാനമ്മയ്ക്കും അവരുടെ പെണ്‍മക്കള്‍ക്കും രാജിനെ ഒപ്പം താമസിപ്പിക്കാന്‍ താത്പര്യമില്ലായിരുന്നുവെന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ദാമിനി സേന എന്ന ജീവകാരുണ്യ സംഘടനയുടെ അധ്യക്ഷ ശാരദ ഷാ പറയുന്നത്. 

നിയമപ്രശ്‌നങ്ങള്‍കാരണം മറ്റുതാമസക്കാരെല്ലാം ഒഴിഞ്ഞുപോയ ഫ്‌ലാറ്റില്‍ വെള്ളവും വൈദ്യുതിയുമില്ല. രാജിന്റെ കുടുംബം മാത്രമാണ് ഇവിടെ താമസം. ബേലാപുര്‍ പോലീസിന്റെ സഹായത്തോടെയായിരുന്നു രക്ഷാപ്രവര്‍ത്തനം. ഫ്‌ലാറ്റിലെ സ്ഥിതി ദുസ്സഹമായിരുന്നുവെന്ന് ഷാ പറഞ്ഞു. മുകള്‍നിലയിലേക്കുള്ള ലിഫ്റ്റിനടുത്തുള്ള വഴികളിലെല്ലാം മലംനിറഞ്ഞിരുന്നു. രാജിന്റെ മുറിമുഴുവനും മലമായിരുന്നു.
പത്രക്കടലാസില്‍ പൊതിഞ്ഞാണ് രാജിന് ഭക്ഷണം നല്‍കിയിരുന്നത്. ആ പത്രമുപയോഗിച്ച് മുറിയിലെ മലം മൂടിയിട്ടിരിക്കുകയായിരുന്നു. കീറിയ സോഫാകുഷ്യനാണ് കിടക്കാനുണ്ടായിരുന്നത്. നഗ്നനായാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. രണ്ട് പ്ലാസ്റ്റിക് കൂടുകളില്‍ വട പാവ് നല്‍കിയാണ് രാജിനെ പുറത്തെത്തിച്ചത്. '!ഡാഡാ, ഭക്ഷണം' എന്നുമാത്രമാണ് ഇയാള്‍ പറഞ്ഞുകൊണ്ടിരുന്നതെന്ന് ഷാ പറഞ്ഞു. കുടുംബത്തിനെതിരെ കേസെടുത്തിട്ടില്ല. എന്തുനടപടി സ്വീകരിക്കണമെന്ന് പിന്നീടുതീരുമാനിക്കുമെന്ന് പോലീസ് പറഞ്ഞു

Post a Comment

0 Comments

CLOSE ADS


CLOSE ADS