Subscribe Us

ലോകത്തിന് മുന്നില്‍ ഖത്തറിന്റെ മറ്റൊരു സ്വപ്‌നപദ്ധതി

ദോഹ: മധ്യപൂര്‍വേഷ്യയിലെ അത്ഭുത നിര്‍മിതിയെന്ന പേരില്‍ ഖത്തര്‍ ഉയര്‍ത്തിക്കാട്ടുന്ന ഷര്‍ഖ് ക്രോസിങ്ങിന്റെ കണ്‍സള്‍ട്ടിങ്ങ് സര്‍വീസിനായി ടെന്‍ഡര്‍ ക്ഷണിച്ചു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളവും കത്താറ കള്‍ച്ചറല്‍ വില്ലേജും വെസ്റ്റ്‌ബേയും നേരിട്ട് ബന്ധിപ്പിക്കാനുള്ള പദ്ധതിയാണ് ഷറഖ് ക്രോസിങ്. ഗതാഗത മന്ത്രാലയമാണ് കഴിഞ്ഞ ദിവസം ടെന്‍ഡര്‍ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം നല്‍കിയത്.
നിര്‍മാണച്ചെലവ്, പുതിയ പദ്ധതികൊണ്ട് രാജ്യത്ത് ഉണ്ടാകുന്ന ഗുണഫലങ്ങള്‍, പദ്ധതി നടപ്പാക്കുന്നതിന് സ്വീകരിക്കേണ്ട കരാര്‍ തന്ത്രങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് ടെന്‍ഡര്‍ സമര്‍പ്പിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

12 കി.മീറ്റര്‍ നീളമാണ് ഷര്‍ഖ് ക്രോസിങ്ങിന് കണക്കാക്കിയിരിക്കുന്നത്. കടലിനടിയിലൂടെ തുരങ്കവും മുകളിലൂടെ പാലവും നിര്‍മിക്കാനാണ് പദ്ധതി. 12 ലക്ഷം കോടി ഡോളറാണ് ചെലവായി നേരത്തേ കണക്കാക്കിയിരുന്നത്.
കോര്‍ണിഷിലെ ഗതാഗതക്കുരുക്കിന് അയവുണ്ടാക്കി മണിക്കൂറില്‍ ആറായിരം വാഹനങ്ങള്‍ക്ക് സുഗമമായി കടന്ന് പോകാവുന്ന തരത്തിലാണ് പുതിയ പദ്ധതി വിഭാവനം ചെയ്യുന്നത്. 2022 ലോകകപ്പ് ഫുട്‌ബോളിന് മുമ്പായി പദ്ധതി പൂര്‍ത്തിയാക്കി രാജ്യത്തില്‍ എത്തുന്നവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനായിരുന്നു ആദ്യം ഭരണകൂടത്തിന്റെ ലക്ഷ്യം. എന്നാല്‍, അതിനുള്ള മുന്‍ഗണനാ പട്ടിക തയ്യാറാക്കിയപ്പോള്‍ ഷറഖ് ക്രോസിങ് പുറത്തായി. വീണ്ടും കണ്‍സള്‍ട്ടിങ് ടെന്‍ഡര്‍ വിളിച്ചത് പദ്ധതി എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കണക്കാക്കപ്പെടുന്നത്.

പ്രധാനമായും മൂന്ന് വന്‍കിട പാലങ്ങളാണ് ഷറഖ് ക്രോസിങ്ങില്‍ ഉണ്ടാവുക. വെസ്റ്റ് വേ, കള്‍ച്ചറല്‍ സിറ്റി, ഷറഖ് എന്നീ പേരുകളിലാണ് പാലങ്ങള്‍ അറിയപ്പെടുക. അവയെ ബന്ധപ്പെടുത്തി അന്താരാഷ്ട്ര ഗതാഗത നിലവാരത്തിലുള്ള തുരങ്കം കടലിനടിയിലൂടെ നിര്‍മിക്കും. ഷറഖ് പാലത്തിനുമ വെസ്റ്റ്‌ബേ പാലത്തിനും ഇടയില്‍ രണ്ട് ഭാഗത്തേക്കും മൂന്ന് വരി പാതയാണ് ഉണ്ടാവുക. വെസ്റ്റ്‌ബേയില്‍ നിന്ന് കള്‍ച്ചറല്‍ സിറ്റി പാലം വരെ രണ്ട് ഭാഗത്തേക്കും രണ്ട് വരി പാതയും ഒരുക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഈ വര്‍ഷം അവസാനത്തോടെ പണി തുടങ്ങി 2021-ല്‍ പദ്ധതി പൂര്‍ത്തിയാക്കാനുള്ള ശ്രമം അധികൃതര്‍ തുടങ്ങിക്കഴിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

Post a Comment

0 Comments

CLOSE ADS


CLOSE ADS