Subscribe Us

ജേഴ്‌സിപ്പശുവിന്റെ പാലില്‍ രാസഘടകം: ഗുജറാത്തില്‍ ഹൈക്കോടതി ഇടപെടുന്നു

അഹമ്മദാബാദ്: ജേഴ്‌സിയുള്‍പ്പെടെ സങ്കരയിനം പശുക്കളുടെ പാലില്‍ രാസഘടകങ്ങള്‍ ഉണ്ടെന്ന പൊതുതാത്പര്യഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഗുജറാത്ത് ഹൈക്കോടതി സര്‍ക്കാറിന് നോട്ടീസയച്ചു. ഈയിനം പാല്‍പ്പൊതികളില്‍ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ മുന്നറിയിപ്പ് രേഖപ്പെടുത്തണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

ഇന്ത്യയിലെ വലിയ പാല്‍ ഉത്പാദക സംസ്ഥാനമായ ഗുജറാത്തില്‍ ഈ ഹര്‍ജി ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. യൂറോപ്പിലും അമേരിക്കയിലും നടക്കുന്ന ശാസ്ത്രീയ ഗവേഷണങ്ങളിലെ കണ്ടെത്തലുകളുടെ വെളിച്ചത്തിലാണ് ചിന്തന്‍ ഗോഹല്‍, വിലാസ് പുരാനി, റീനാ കാംനി എന്നീ പൗരാവകാശ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചത്. 

ജേഴ്‌സി, ഹോള്‍സ്റ്റയിന്‍ തുടങ്ങിയ പശുക്കളുടെ പാലിലെ എ-1 ബീറ്റാ കേസിന്‍ എന്ന പ്രോട്ടീന്‍ അനാരോഗ്യകരമാണെന്നാണ് ഇവരുടെ വാദം. വിദേശത്തെ നൂറോളം ഗവേഷണ പ്രബന്ധങ്ങള്‍ ഇതിന് തെളിവായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ബീറ്റാ കേസിന്‍ ദഹനവേളയില്‍ മനുഷ്യശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ബി.സി.എം-7 എന്ന രാസവസ്തു പ്രമേഹം, ഓട്ടിസം, സ്‌ക്രീസോഫീനിയ തുടങ്ങിയ രോഗങ്ങള്‍ക്കും ഹൃദയരോഗങ്ങള്‍ക്കും കാരണമാകുന്നുവെന്ന് ഈ പഠനങ്ങളില്‍ പറയുന്നു. 14 വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് കൂടുതലായും ഇരകളാകുന്നത്. ഓട്ടിസം, സ്‌ക്രീസോഫീനിയ രോഗികളുടെ രക്തത്തില്‍ ഈ രാസവസ്തു അമിതമായ അളവില്‍ കണ്ടെത്തിയിട്ടുണ്ട്. 

നാടന്‍ പശുക്കളില്‍ എ-2 ബീറ്റാ കേസിനാണ് ഉള്ളത്. ഇത് ആരോഗ്യകരവും ദഹനത്തെ സഹായിക്കുന്നതുമാണ്. സങ്കരയിനത്തെ സൃഷ്ടിക്കുമ്പോളാണ് എ-1 ഉണ്ടാകുന്നത്. ഇതില്‍ ഏതുതരം പാലാണ് പായ്ക്കറ്റിലുള്ളതെന്നും അതുമൂലം ഉളവാകാനിടയുള്ള ആരോഗ്യപ്രശ്‌നങ്ങളെന്തെന്നും രേഖപ്പെടുത്തണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.
ഹര്‍ജിക്കാരുടെ പരാതി വാസ്തവമാണെങ്കില്‍ 95 ശതമാനം സങ്കരയിനം കാലികളുള്ള കേരളത്തിലും രോഗങ്ങള്‍ സമ്മാനിക്കുന്നതില്‍ പാലിന് പങ്കുണ്ടെന്ന് വിലയിരുത്തേണ്ടിവരും. ഇവിടെയുള്ള സങ്കരയിനം പശുക്കളില്‍ 75 ശതമാനവും ജേഴ്‌സിയാണെന്ന് കേരള കാര്‍ഷികസര്‍വകലാശാല എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം ഡയറക്ടര്‍ ഡോ. ടി.പി. സേതുമാധവന്‍ പറയുന്നു. എന്നാല്‍, ഇവയുടെ പാല്‍ ആരോഗ്യപ്രശ്‌നമുണ്ടാക്കുന്നതായി കേരളത്തില്‍ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
കേസ് കോടതി വീണ്ടും ജൂണ്‍ 23-ന് പരിഗണിക്കും.

Post a Comment

0 Comments

CLOSE ADS


CLOSE ADS