Subscribe Us

ദിലീപിനൊരു മാറ്റമായിരിക്കും ചന്ദ്രേട്ടന്‍

 ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സിദ്ധാര്‍ഥ് ഭരതന്‍ വീണ്ടും സംവിധായകന്റെ തൊപ്പി അണിയുകയാണ്. സിദ്ധാര്‍ഥിന്റെ രണ്ടാമത്തെ സിനിമ ചന്ദ്രേട്ടന്‍ എവിടെയാ റിലീസിന് ഒരുങ്ങുന്നു. ഇതിനോടകം ചിത്രത്തിലെ പാട്ടുകളും ടീസറുകളുമെല്ലാം പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ സംവിധായകന്‍ സിദ്ധാര്‍ഥ് മനോരമ ഓണ്‍ലൈനുമായി പങ്കുവയ്ക്കുന്നു.
ദിലീപ് ചന്ദ്രേട്ടനാകുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്?

സാധാരണക്കാരുടെ പ്രതിനിധിയാണ് ചന്ദ്രേട്ടന്. ഭാര്യയും മകനുമായി കഴിയുന്ന സാധാരണക്കാരന്‍. കുറച്ചുകാലമായി ദിലീപേട്ടന്‍ ചെയ്യുന്ന ഒരേതരം സിനിമകളില്‍ നിന്നുള്ള മാറ്റമായിരിക്കും ചന്ദ്രേട്ടന്‍ എവിടെയാ. അതുതന്നെയാണ് ടീസറുകളും പാട്ടുകളുമൊക്കെ പ്രേക്ഷകര്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കാരണം. അതിമാനുഷികതകള്‍ ഒന്നുമില്ലാതെ നമുക്കു ചുറ്റും ജീവിക്കുന്ന വ്യക്തിയാണ് ചന്ദ്രേട്ടന്‍. പിന്നെ നര്‍മത്തില്‍ പൊതിഞ്ഞ സിനിമയാണിത്. അതിനാല്‍ ചന്ദ്രേട്ടനാകാന്‍ ഏറ്റവും മികച്ചത് ദിലീപ് തന്നെയാണെന്ന് തോന്നി.

അനുശ്രീയെ തിരഞ്ഞെടുക്കാന്‍ കാരണം തന്നെ അവരുടെ അഭിനയമികവാണ്. ഡയമണ്ട് നെക്ളസും ഇതിഹാസയും അതിന് പ്രചോദനമായിട്ടുണ്ട്. ഒരു ഉദ്യോഗസ്ഥയായ സാധാരണ വീട്ടമ്മയാണ് അനുശ്രീയുടെ ചന്ദ്രേട്ടന്റെ ഭാര്യ സുഷമ. ഒരു മകനുണ്ട്. അനുശ്രീയുടെ അഭിനയമികവ് നന്നായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കഥാപാത്രത്തെ ഉള്‍ക്കൊണ്ട് അഭിനയിക്കുന്ന ഹാര്‍ഡ്വര്‍ക്കിങ്ങ് ആയ നടിയാണ് അനുശ്രീ
അമ്മ കെ.പി.എസി.ലളിതയുടെ സാന്നിധ്യം രണ്ടാം സിനിമയിലും ഉണ്ടല്ലോ?
വീട്ടില്‍ തന്നെ ഇത്ര മികച്ച ഒരു അഭിനയത്രി ഉള്ളപ്പോള്‍ വേറെ അന്വേഷിച്ചു പോകേണ്ട ആവശ്യം എന്താണ്. ഹൃൂമര്‍ കൈകാര്യം ചെയ്യാന്‍ കെ.പി.എസി.ലളിത എന്ന നടിക്കുള്ള കഴിവ് തന്നെയാണ് ഈ സിനിമയിലും അമ്മയെ ഉള്‍പ്പെടുത്താനുള്ള ഒരു കാരണം. പിന്നെ അമ്മയ്ക്ക് സിനിമയുടെ തുടക്കം മുതലുള്ള എല്ലാ കാര്യങ്ങളും അറിയാം. കഥ കേട്ടപ്പോള്‍ അമ്മയ്ക്കും താല്‍പ്പര്യം ഉണ്ടാരുന്നു.

വസന്തമല്ലികേ എന്ന പാട്ട് ഇപ്പോള്‍ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. പാട്ടുകളുടെ ചിത്രീകരണത്തിലും മനപ്പൂര്‍വ്വം കൊണ്ടുവന്നതാണോ വ്യത്യാസങ്ങള്‍?
പ്രശാന്ത്പിള്ള ചെയ്ത മനോഹരമായ ഗാനങ്ങളിലൊന്നാണിത്. അത് കേട്ടപ്പോള്‍ തന്നെ മനസ്സില്‍ വിചാരിച്ചതാണ് വ്യത്യസ്തമായ രീതിയില്‍ ഗാനരംഗം ചിത്രീകരിക്കണമെന്ന്. അതുകൊണ്ടാണ് നിറങ്ങളിലും വസ്ത്രത്തിലും പശ്ചാത്തലത്തിലുമൊക്കെ വ്യത്യാസം വരുത്തിയിരിക്കുന്നത്. ഗ്രാമഫോണ്‍ സിനിമയിലെ പൈകറുമ്പിയെ മേയ്ക്കും എന്ന ഗാനരംഗവും ഏകദേശം ഇതുപോലെ തന്നെയായിരുന്നു. ദിലീപേട്ടന്റെ അത്തരം സിനിമകള്‍ കണ്ടാണ് ഞാനൊക്കെ വളര്‍ന്നത്. കുടുംബപ്രേക്ഷകര്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ആ ദിലീനെയായിരിക്കും ചന്ദ്രേട്ടനിലും കാണാന്‍ സാധിക്കുക.
നിദ്രയില്‍ നിന്നും ചന്ദ്രേട്ടന്‍ എവിടെയായിലേക്ക് വരുമ്പോള്‍ കൊമേഷ്യല്‍ ചേരുവകള്‍ക്ക് എത്രത്തോളം പ്രാധാന്യം നല്‍കിയിട്ടുണ്ട്?
നിദ്ര അല്‍പ്പം ഗൌരവമുള്ള വിഷയമായതു കൊണ്ടാണ് നിങ്ങള്‍ ഉദ്ദേശിക്കുന്ന കൊമേഷ്യല്‍ ടാഗ് നല്‍കാന്‍ പറ്റാതെ വന്നത്. ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമയില്‍ ഒരു ജനപ്രിയ നായകനുണ്ട്, പ്രേക്ഷകന് ഇഷ്ടമാകുന്ന നര്‍മ്മമുണ്ട്, സാധാരണക്കാരന്റെ ജീവിതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഒരു കഥയുമുണ്ട്. അത്തരത്തില്‍ ഈ സിനിമ ഒരു കൊമേഷ്യല്‍ സിനിമയാണ്. എന്നാല്‍ ഇതിലെല്ലാം അപ്പുറത്ത് വളരെ ഗൌരവമായ ഒരു വിഷയം തന്നെയാണ് ചന്ദ്രേട്ടന് എവിടയായും കൈകാര്യം ചെയ്യുന്നത്.
ആദ്യ സിനിമയായി നിദ്ര ചെയ്യേണ്ട എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
ഞാന്‍ വിജയന്റെ ഡയലോഗില്‍ വിശ്വസിക്കുന്ന ആളാണ്. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ. നിദ്ര ചെയ്യുമ്പോള്‍ തന്നെ ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമയുടെ വിഷയം മനസ്സിലുണ്ടായിരുന്നു. നിദ്ര കഴിഞ്ഞിട്ട് ആകാമെന്ന് കരുത്. ഇപ്പോള്‍ ചന്ദ്രേട്ടന്റെ സമയമാണ്. സമയമായപ്പോള്‍ ചന്ദ്രേട്ടന്‍ എത്തി.

Post a Comment

0 Comments

CLOSE ADS


CLOSE ADS