Subscribe Us

മലയാള നടി മഞ്ജിമ തമിഴിലേക്ക്‌

ഒരു വടക്കന്‍ സെല്‍ഫി മെഗാഹിറ്റിലേക്ക് കുതിക്കുമ്പോള്‍ ഏറെ സന്തോഷിക്കുന്നത് നായികാതാരമായ മഞ്ജിമയാണ്. പ്രിയം, മധുരനൊമ്പരക്കാറ്റ്, മയില്‍പ്പീലിക്കാവ് എന്നീ ചിത്രങ്ങളില്‍ ബാലതാരമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ മഞ്ജിമ ഛായാഗ്രാഹകന്‍ വിപിന്‍ മോഹനന്റെ മകളാണ്. സെല്‍ഫിയുടെ തരംഗം തീരുംമുന്‍പേ ഒരു തമിഴ് ചിത്രത്തിലേക്ക് താരത്തെ കരാര്‍ചെയ്യപ്പെട്ടുകഴിഞ്ഞു, മൂന്ന് മലയാള ചിനത്രങ്ങളുടെ ചര്‍ച്ച നടക്കുന്നു. വിജയലഹരിയില്‍ മഞ്ജിമ മധുരമായി സംസാരിക്കുന്നു.
ഒരു വടക്കന്‍ സെല്‍ഫിയിലൂടെ മഞ്ജിമ ബാലതാരത്തില്‍നിന്ന് നായികാതാരമായി. ആ മാറ്റം എളുപ്പമായിരുന്നോ?
 

ബാലതാരമായി അഭിനയിച്ച കാര്യങ്ങളൊന്നും എനിക്ക് ഓര്‍മയില്ല. കുസൃതി കാണിക്കാതെ അഭിനയിച്ചാല്‍ ചോക്ലേറ്റ് കിട്ടുമായിരുന്നു. ആ മധുരം മാത്രമാണ് മനസ്സില്‍. 

വടക്കന്‍ സെല്‍ഫിയിലെ 'ഡെയ്‌സി ജോര്‍ജ്' എന്ന കഥാപാത്രത്തെ എന്റെ മുന്നില്‍ വെച്ചപ്പോള്‍, അത് എനിക്ക് അവതരിപ്പിക്കാന്‍ കഴിയുമോ എന്നതായിരുന്നു ടെന്‍ഷന്‍. പക്ഷേ, സംവിധായകന്‍ പ്രജിത്ത് ചേട്ടന്‍ എനിക്ക് നല്‍കിയ കോണ്‍ഫിഡന്‍സ് വളരെ വലുതായിരുന്നു. ആ എനര്‍ജിയില്‍ ഞാന്‍ ചെയ്തു.
 

നിവിന്‍പോളി, വിനീത് നശ്രീനിവാസന്‍, അജുവര്‍ഗീസ് ടീമിനൊപ്പമുള്ള ഷൂട്ടിങ് കാലം എങ്ങനെയായിരുന്നു?
 

ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത സൗഹൃദക്കൂട്ടായ്മയായിരുന്നു അത്. ഷൂട്ടിങ് കഴിഞ്ഞിട്ടും ആ ബന്ധം നിലനില്‍ക്കുന്നു.
ആ കൂട്ടായ്മയില്‍ പഴനിയിലെ പൊരിവെയിലുപോലും ഞങ്ങള്‍ അറിഞ്ഞില്ല.

ആദ്യ ചിത്രത്തിന്റെ റിലീസിന് മുന്‍പ് ഏറ്റവും ടെന്‍ഷനടിച്ച താരം മഞ്ജിമയാണെന്നു കേട്ടു?
 

ടെന്‍ഷനുണ്ടായിരുന്നു. റിലീസിന്റെ തലേന്നാള്‍ എനിക്ക് ഉറക്കം വന്നില്ല. ചിലര്‍ പേടിപ്പിച്ചും മറ്റു ചിലര്‍ ആശ്വസിപ്പിച്ചും എന്നെ വിളിച്ചുകൊണ്ടിരുന്നു. ഞാനും നിവിനും അജുവും നീരജും ഡയറക്ടറും ഒന്നിച്ച് കൊച്ചിയില്‍ വെച്ചാണ് ചിനത്രം കണ്ടത്. 

നെഞ്ചിടിപ്പോടെ ആള്‍ക്കൂട്ടത്തിനിടയിലിരുന്ന് കണ്ടു. പ്രേക്ഷകര്‍ ഓരോ സീനും കൈയടിയോടെ സ്വീകരിച്ചതു കണ്ടപ്പോള്‍ സന്തോഷം തോന്നി.
 
ചിത്രം കണ്ടപ്പോള്‍ അ്‌സന്‍ വിപിന്‍ മോഹന്റെ പ്രതികരണമെന്തായിരുന്നു...?
 

തുടക്കത്തില്‍ തന്നെ ഇത്രയും ബോള്‍ഡായ കഥാപാത്രം ചെയ്തത് എന്തിനാണെന്നു ചോദിച്ചു. ഇന്‍ഡസ്ട്രിയിലെ സുഹൃത്തുക്കളെല്ലാം അച്ഛനെ വിളിച്ച് നല്ല അഭിപ്രായം പറഞ്ഞപ്പോള്‍ ഹാപ്പിയായി.

മഞ്ജിമയെ ആരും വിളിച്ചില്ലേ...?
 

മഞ്ജുവാര്യരും പൂര്‍ണിമച്ചേച്ചിയും വിളിച്ചു. നമ്മള്‍ ആരാധിക്കുന്ന താരങ്ങളില്‍ നിന്ന് നല്ല അഭിപ്രായം കിട്ടിയപ്പോള്‍ ഏറെ സന്തോഷം.

നായികയായ ആദ്യ ചിത്രത്തില്‍ ഡബ്ബ് ചെയ്യാനും കഴിഞ്ഞില്ലേ?
 

എന്റെ കഥാപാത്രം വെള്ളിത്തിരയില്‍ എത്തുമ്പോള്‍ എന്റെ ശബ്ദത്തില്‍ എത്തണമെന്ന നിര്‍ബന്ധം എനിക്കുണ്ടായിരുന്നു. എന്റെ ആഗ്രഹം സംവിധായകന്‍ സമ്മതിച്ചുതന്നു. അതിന് പോരായ്മ ഉണ്ടായിട്ടുണ്ട്. അത് പരിഹരിക്കാന്‍ ഇനിയും സമയമുണ്ടല്ലോ.

സിനിമയില്‍ നിന്ന് മാറിനിന്ന ഇടവേളയില്‍ എന്തുചെയ്തു?
 

പ്ലസ്ടു കഴിഞ്ഞ് ചെന്നൈ സ്റ്റെല്ലാ മേരീസില്‍ നിന്ന് ബി.എസ്‌സി. കഴിഞ്ഞു. അതിനിടയില്‍ അഭിനയവുമായി ബന്ധമുള്ള ഒരു കാര്യവും ചെയ്തില്ല. ഒരു മാസം തിയേറ്റര്‍ ക്ലാസില്‍ പോയിരുന്നു. ബോറടിച്ചപ്പോള്‍ ഒഴിവാക്കി. എന്നിട്ടും ഒരു നിയോഗംപോലെ ഞാന്‍ വീണ്ടും സിനിമയില്‍ എത്തി.

ഇതിനുമുന്‍പ് മലയാളസിനിമയില്‍ നിന്ന് ഓഫറുകള്‍ വന്നിരുന്നോ?
 

രണ്ട് ചിത്രങ്ങളിലേക്ക് വിളിച്ചിരുന്നു. അത് രണ്ടും സൂപ്പര്‍ഹിറ്റായിരുന്നു. എനിക്ക് പകരം അഭിനയിച്ച നായികമാരും മികച്ച പെര്‍ഫോമന്‍സായിരുന്നു. പഠനത്തിരക്കുകാരണമാണ് അതെല്ലാം ഉപേക്ഷിക്കേണ്ടിവന്നത്.
 

കുഞ്ചാക്കോ ബോബന്റെ 'പ്രിയ'ത്തില്‍ ബാലതാരമായി മഞ്ജിമ അഭിനയിച്ചിട്ടുണ്ട്. ഇനി ചാക്കോച്ചന്റെ നായികയായി ഓഫര്‍ വന്നാല്‍?
 

നായകന്‍ ആരെന്ന് ഞാന്‍ നോക്കാറില്ല. അതിലുപരി ചിത്രത്തിന്റെ കഥയും അതില്‍ എനിക്കുള്ള സ്ഥാനവും അതിന്റെ സംവിധായകന്‍ ആരാണ് എന്നതിനുമാണ് ഞാന്‍ പ്രഥമ പരിഗണന നല്‍കുന്നത്. അതെല്ലാം ഇഷ്ടപ്പെട്ടാല്‍ നായകന്‍ എനിക്കൊരു പ്രശ്‌നമല്ല.

നായികാതാരമെന്ന നിലയില്‍ ഇനിയുള്ള മോഹങ്ങള്‍?
 

ഒരു നടിയെന്ന നിലയില്‍ നല്ല പേര് കിട്ടുന്ന സിനിമയുടെ ഭാഗമാകണം. വടക്കന്‍ സെല്‍ഫിയുടെ അതേ ടീമിന്റെ ചിത്രത്തില്‍ ഒരിക്കല്‍കൂടി അഭിനയിക്കണം. എനിക്ക് തമിഴില്‍ നിന്ന് ഓഫര്‍ കിട്ടിയപ്പോള്‍, അതില്‍ അഭിനയിക്കാന്‍ നിങ്ങള്‍കൂടി വരുമോ എന്ന് ഞാനവരോട് ചോദിച്ചിരുന്നു. കാരണം ആ സൗഹൃദത്തിന്റെ ഹാങ് ഓവറിലാണ് ഞാന്‍.


Source :Matrubhoomi

Post a Comment

0 Comments

CLOSE ADS


CLOSE ADS