Subscribe Us

സ്വര്‍ണ നിറമുള്ള ചക്കയും കുരുവില്ലാത്ത തണ്ണിമത്തനും ഇനി കൃഷിയിടങ്ങളിലേക്ക്‌..

മണ്ണുത്തി (തൃശൂര്‍) • കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത 25 വിളയിനങ്ങള്‍ കൂടി കര്‍ഷകരിലേക്ക്‌.

കാര്‍ഷികോല്‍പാദന കമ്മിഷണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്‌ഥാന വിളയിന മേല്‍നോട്ട സമിതി ഇവയ്ക്ക്‌ അംഗീകാരം നല്‍കി. നെല്ലിന്റെയും കൊക്കോയുടെയും അഞ്ചു വീതവും വെള്ളരി, കുരുവില്ലാത്ത തണ്ണിമത്തന്‍, കുടംപുളി, കരിമ്പ്‌ എന്നിവയുടെ രണ്ടു വീതവും പ്ലാവ്‌, കൂണ്‍, പച്ചമുളക്‌, പയര്‍, കുമ്പളം, തക്കാളി, വഴുതന എന്നിവയുടെ ഓരോ ഇനങ്ങളുമാണു പുതുതായി പുറത്തിറങ്ങുന്നത്‌.

മങ്കൊമ്പ്‌, കായംകുളം, വൈറ്റില, പടന്നക്കാട്‌, പീലിക്കോട്‌ എന്നിവിടങ്ങളിലാണു പുതിയ നെല്ലിനങ്ങള്‍ വികസിപ്പിച്ചത്‌. സദാനന്ദപുരത്തു വികസിപ്പിച്ചെടുത്ത സിന്ദൂര്‍ എന്ന സ്വര്‍ണനിറമുള്ള ചക്കയും വെള്ളാനിക്കരയില്‍ വികസിപ്പിച്ച മഞ്ഞയും ചുവപ്പും കാമ്പുള്ള കുരുവില്ലാത്ത തണ്ണിമത്തനും ഇനി കര്‍ഷകരിലെത്തും.

കുമരകം ഗവേഷണ കേന്ദ്രത്തില്‍ നിന്നുള്ള രണ്ടു പുതിയ കുടംപുളി ഇനങ്ങളും തിരുവല്ല കേന്ദ്രം വികസിപ്പിച്ച രണ്ടു കരിമ്പിനങ്ങളും മുള്ളില്ലാതെ തഴച്ചുവളരുന്ന പൊന്നി എന്ന വഴുതനയും കര്‍ഷകരിലേക്കെത്തിക്കാന്‍ തയാറായിട്ടുണ്ട്‌.

മണ്ണുത്തി ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത ബാക്‌ടീരിയല്‍ വാട്ടത്തെ ചെറുക്കാന്‍ കഴിവുള്ള മനുപ്രഭ എന്ന തക്കാളി, വെള്ളായണിയില്‍ വികസിപ്പിച്ച ഭീമ എന്ന അരക്കിലോ തൂക്കം വരുന്ന പാല്‍ക്കൂണ്‍, വെള്ളാനിക്കര ഗവേഷണ കേന്ദ്രത്തില്‍നിന്ന്‌ അഞ്ചിനം കൊക്കോ, പട്ടാമ്പിയില്‍ വികസിപ്പിച്ച ‘കീര്‍ത്തി പച്ചമുളക്‌, ‘താര കുമ്പളം തുടങ്ങിയവ വീട്ടുവളപ്പിലെ കൃഷിക്കും വാണിജ്യ അടിസ്‌ഥാനത്തിലുള്ള കൃഷിക്കും യോജിച്ചതാണ്‌.

കാര്‍ഷിക സര്‍വകലാശാല ഗവേഷണ ഡയറക്‌ടര്‍, സംസ്‌ഥാന കൃഷി ഡയറക്‌ടര്‍, ദേശീയ വിത്ത്‌ ഏജന്‍സിയുടെയും കര്‍ഷകരുടെയും പ്രതിനിധികള്‍ എന്നിവരടങ്ങിയ സമിതിയില്‍ ഓരോ ഇനവും വികസിപ്പിച്ച ശാസ്‌ത്രജ്‌ഞന്‍ അവയുടെ പ്രത്യേകതകള്‍ അവതരിപ്പിക്കുകയും സമിതി അവ വിലയിരുത്തിയ ശേഷം അംഗീകാരം നല്‍കുകയുമായിരുന്നു.

പുതിയ ഇനങ്ങള്‍ വികസിപ്പിച്ച ശാസ്‌ത്രജ്‌ഞരെ വൈസ്‌ ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്‍ അഭിനന്ദിച്ചു. പുതിയ ഇനങ്ങളുടെ വരവോടെ സര്‍വകലാശാല പുറത്തിറക്കിയ ഇനങ്ങളുടെ എണ്ണം 308 ആയതായി ഗവേഷണ ഡയറക്‌ടര്‍ ഡോ. ടി.ആര്‍. ഗോപാലകൃഷ്‌ണന്‍ പറഞ്ഞു.

Post a Comment

0 Comments

CLOSE ADS


CLOSE ADS