Subscribe Us

ആന്‍ഡ്രോയില്‍ മലയാളം കൈയെഴുത്തുമായി ഗൂഗിള്‍

ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ 82 ഭാഷകളെ പിന്തുണയ്ക്കുന്നതാണ് ഗൂഗിളിന്റെ പുതിയ ഇന്‍പുട്ട് ആപ്പ് 

മൊബൈല്‍ ഫോണുകളിലും ടാബുകളിലും കൈകൊണ്ട് എഴുതാനുള്ള സാങ്കേതികവിദ്യയെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. എന്നാല്‍ പ്രാദേശിക ഭാഷകളിലും ഈ കൈയെഴുത്തിന് അവസരം നല്‍കി ഗൂഗിള്‍ 'ഹാന്‍ഡ് റൈറ്റിങ് ഇന്‍പുട്ട്' ( Google Handwriting Input ) ആപ്പ് പുറത്തിറക്കി. 

പുതിയ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍, ആഡ്രോയ്ഡ് ഫോണുകളില്‍ ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ തന്നെ മലയാളത്തില്‍ കൈകൊണ്ടെഴുതാനാകും. സ്‌റ്റൈലസ് (മൊബൈല്‍ ഫോണുകളിലും ടാബ് ലറ്റ് ഫോണുകളിലും എഴുതാന്‍ ഉപയോഗിക്കുന്ന പെന്‍) ഉപയോഗിച്ചും എഴുതാന്‍ സാധിക്കും. 

വോയിസ് ഇന്‍പുട്ടും സപ്പോര്‍ട്ട് ചെയ്യുമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നുണ്ട്. ആന്‍ഡ്രോയിഡിന്റെ 4.0.3 വേര്‍ഷന്‍ മുതല്‍ ഈ സംവിധാനം പ്രവര്‍ത്തിക്കും. ഏപ്രില്‍ 15 ന് പുറത്തിറങ്ങിയ ഈ ടൂള്‍ ആദ്യ 10 മണിക്കൂറിനുള്ളില്‍ 5000 പേര്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു. 

നിലവില്‍ മലയാളം അടക്കം 82 ഭാഷകള്‍ ഇത് പിന്തുണയ്ക്കുന്നതായി ഗൂഗിള്‍ റിസര്‍ച്ച് ബ്ലോഗ് പറയുന്നു.ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഇത് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. 

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് ഗ്രൂപ്പിന്റെ 'ഇന്‍ഡിക് കീബോര്‍ഡ്' പോലുള്ള ആപ്ലിക്കേഷനുകളായിരുന്നു ഇത്രകാലവും ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഉപകരണങ്ങളില്‍ മലയാളം എഴുതാനുള്ള ഉപാധി. 

എന്നാല്‍ ചെറിയ സ്‌ക്രീനില്‍ കീബോര്‍ഡുകളില്‍ ടൈപ്പ് ചെയ്യല്‍ അല്‍പ്പം ശ്രമകരമാണ്. അത്തരം ബുദ്ധിമുട്ടുകളൊന്നും കൂടാതെ മൊബൈലുകളിലും ടാബിലും മലയാളം എഴുതാന്‍ ഗൂഗിളിന്റെ പുതിയ ആപ്പ് അവസരമൊരുക്കുന്നു.

Post a Comment

0 Comments

CLOSE ADS


CLOSE ADS