Subscribe Us

വിദഗ്ധരായ വിദേശികള്‍ക്ക് ദുബായില്‍ സ്‌പോണ്‍സറില്ലാതെ വിസ നല്‍കാന്‍ ശുപാര്‍ശ

വിദഗ്ധ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതി
ദുബായ്: സാമ്പത്തിക സുസ്ഥിരതയും നിക്ഷേപസാധ്യതയും ലക്ഷ്യമിട്ട് ദുബായില്‍ വിദേശികള്‍ക്ക് അനുകൂലമായ നയങ്ങള്‍ ആവിഷ്‌കരിക്കുന്നു. അഞ്ച് സുപ്രധാന ശുപാര്‍ശകള്‍ അടങ്ങുന്ന പാക്കേജ് ദുബായ് ഇക്കണോമിക് കൗണ്‍സില്‍ (ഡി.ഇ.സി.) ഗവണ്‍മെന്റിന് സമര്‍പ്പിച്ചു. അതിവിദഗ്ധരായ പ്രൊഫഷനലുകള്‍ക്ക് സ്‌പോണ്‍സറില്ലാതെതന്നെ വിസ നല്‍കണമെന്ന ശുപാര്‍ശയാണ് പ്രധാന്യമര്‍ഹിക്കുന്നത്. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ഇത്തരത്തില്‍ വിസ അനുവദിക്കുക.

വിദഗ്ധരായ വിദേശികള്‍ക്കായി പെന്‍ഷന്‍ പദ്ധതി ആവിഷ്‌കരിക്കുക, നിശ്ചിത വ്യവസായങ്ങളില്‍ വിദേശി ഉടമസ്ഥാവകാശത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അയവുവരുത്തുക, ചെക്ക് കേസുകള്‍ അടക്കമുള്ള സാമ്പത്തിക നിയമലംഘനങ്ങള്‍ക്ക് ക്രിമിനല്‍ മുഖം നല്‍കുന്നതില്‍ മാറ്റം വരുത്തുക, താമസ - കുടിയേറ്റ നടപടിക്രമങ്ങളില്‍ ഇളവുവരുത്തുക, ഗള്‍ഫ് രാജ്യങ്ങളില്‍ യാത്രചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളില്‍ അയവുവരുത്തുക തുടങ്ങിയവയാണ് ഇക്കണോമിക് കൗണ്‍സില്‍ സമര്‍പ്പിച്ച മറ്റു പ്രധാന ശുപാര്‍ശകള്‍. കമ്പനികള്‍ക്ക് ഫ്രീ സോണുകള്‍ കേന്ദ്രീകരിച്ച് വ്യാപാരം നടത്തുന്നതിനുള്ള നിയന്ത്രണങ്ങളില്‍ അയവുവരുത്താനും കൗണ്‍സില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. 
ചെറുകിട, ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഗവണ്‍മെന്റ് തലത്തില്‍ സഹായധനം നല്‍കുന്നതിനും ഇക്കണോമിക് കൗണ്‍സില്‍ ശുപാര്‍ശ ചെയ്യുന്നു. വായ്പകളും വായ്പാ ഗാരന്റികളും അനുവദിക്കേണ്ടതിനെക്കുറിച്ചും പാക്കേജില്‍ സൂചിപ്പിക്കുന്നുണ്ട്. ബാങ്കുകള്‍ക്ക് ബിസിനസ് സ്ഥാപനങ്ങളുടെ ബാധ്യത സംബന്ധിച്ച വിവരങ്ങള്‍ കൂടുതല്‍ കൃത്യതയോടെ ലഭ്യമാക്കാന്‍ ക്രെഡിറ്റ് ബ്യൂറോയെ ശക്തിപ്പെടുത്തണമെന്നും ഇക്കണോമിക് കൗണ്‍സില്‍ ആവശ്യപ്പെടുന്നു. ഇലക്ട്രോണിക് രജിസ്റ്റര്‍ സ്ഥാപിച്ച് വിവര കൈമാറ്റം കൂടുതല്‍ കാര്യക്ഷമമാക്കി ധനകാര്യസ്ഥാപനങ്ങളുടെ നഷ്ടസാധ്യത കുറയ്ക്കാമെന്നാണ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നത്. സ്വത്തുവകകള്‍ ഈടു നല്‍കി വായ്പയെടുക്കുന്ന രീതി ബാങ്കുകള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കുമെന്നും കൗണ്‍സില്‍ നിരീക്ഷിക്കുന്നു.

വിദഗ്ധ തൊഴിലാളികളായ വിദേശികള്‍ക്കായി പെന്‍ഷന്‍ പദ്ധതി ആവിഷ്‌കരിക്കുന്നത് അടക്കമുള്ള നടപടികള്‍ ദുബായിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുകയും സാമ്പത്തികമേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എമിറേറ്റിലേക്ക് കൂടുതല്‍ വിദഗ്ധരായ വിദേശികളെ ആകര്‍ഷിക്കുന്നതിനും തൊഴില്‍മേഖല ശക്തിപ്പെടുന്നതിനും നിക്ഷേപകരുടെ വിശ്വാസ്യത നേടിയെടുക്കാനും പുതിയ നയം സഹായകമാകുമെന്നാണ് കരുതുന്നത്.

Post a Comment

0 Comments

CLOSE ADS


CLOSE ADS