Subscribe Us

സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് യുവരാജ് സിങ്ങിന്റെ 50 കോടി

പതിനാറ് കോടി രൂപ മുടക്കി ടീമിലെടുക്കാന്‍ താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നാണ് ഈയിടെ ക്രിക്കറ്റ് താരം യുവരാജ് സിങ് അഭിപ്രായപ്പെട്ടത്. ഐ.പി.എല്‍. ക്രിക്കറ്റില്‍ തന്റെയും ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമിന്റെയും പ്രകടനത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് യുവരാജിന്റെ മറുപടിയായിരുന്നു അത്. ഇത്തവണ ഐ.പി.എല്ലിലെ വിലയേറിയ താരമായിരുന്നു യുവി. 

ഇപ്പോഴിതാ, പുതിയ ഇന്നിങ്സുമായി ഇറങ്ങുകയാണ് 33 കാരനായ ഈ താരം. രാജ്യത്തെ സ്റ്റാര്‍ട്ട് അപ് സംരംഭകര്‍ക്ക് മൂലധനമൊരുക്കാന്‍ വെഞ്ച്വര്‍ ഫണ്ട് രൂപവത്കരിക്കുകയാണ് അദ്ദേഹം. യുവി ക്യാന്‍ വെഞ്ച്വേഴ്സ ് ( YouWeCan Ventures) 
എന്ന പേരിലുള്ള ഫണ്ടിലൂടെ 50 കോടി രൂപയാവും പ്രാരംഭ ഘട്ടത്തില്‍ അദ്ദേഹം മുതല്‍മുടക്കുക. അഞ്ച് വര്‍ഷത്തിനുള്ളില്‍ മറ്റു നിക്ഷേപകരില്‍ നിന്നുള്‍പ്പെടെ 300 കോടി രൂപ സ്വരൂപിക്കാനാണ് പദ്ധതി. 

ഇ-കൊമേഴ്സ്, ഹെല്‍ത്ത് കെയര്‍, സ്‌പോര്‍ട്സ് ഉത്പന്നങ്ങള്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം, ഹോട്ടല്‍, ഫാഷന്‍ തുടങ്ങിയ മേഖലയിലെ പുതു സംരംഭങ്ങളിലായിരിക്കും യുവി മുതല്‍മുടക്കുക. ഓരോ സ്റ്റാര്‍ട്ട് അപ്പിലും പ്രാരംഭമൂലധനം എന്ന നിലയില്‍ 10 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ യുവി ക്യാന്‍ വെഞ്ച്വേഴ്സ് നിക്ഷേപിക്കും. മൂലധനത്തിന് പുറമെ, ടെക്നോളജി അഡ്വൈസറി, ഫിനാന്‍ഷ്യല്‍ അഡ്വൈസറി, ബ്രാന്‍ഡിങ്, മാര്‍ക്കറ്റിങ്, പി.ആര്‍. സേവനങ്ങളും സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് ഒരുക്കി കൊടുക്കും. 

'ഉയര്‍ന്ന വിജയസാധ്യതയുള്ള ആശയങ്ങളുമായി ഒട്ടേറെ യുവ സംരംഭകര്‍ നമ്മുടെ ഇടയിലുണ്ട്. ഇവര്‍ക്ക് തങ്ങളുടെ സംരംഭം കെട്ടിപ്പടുക്കാനായുള്ള പ്രാരംഭ മൂലധനം ഒരുക്കുകയാണ് വെഞ്ച്വര്‍ ഫണ്ടിന്റെ ലക്ഷ്യം' യുവി പറയുന്നു. മൂലധനം ഇല്ലാതെ, തകര്‍പ്പന്‍ സ്റ്റാര്‍ട്ട് അപ് ആശയങ്ങളുമായി നടക്കുന്നവര്‍ക്ക് യുവിയെ സമീപിക്കാം, proposalyouwecanventures.com എന്ന ഇ-മെയില്‍ വിലാസത്തില്‍. 
വെഞ്ച്വര്‍ ഫണ്ടിനായി പ്രഗത്ഭരുടെ ഒരു ടീമിനെത്തന്നെ കെട്ടിപ്പടുത്തിരിക്കുകയാണ് യുവരാജ്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ നിശാന്ത് സിംഗാളാണ് യുവി ക്യാന്‍ വെഞ്ച്വേഴ്സിന്റെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്. ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ എന്ന നിലയിലായിരിക്കും അദ്ദേഹം പ്രവര്‍ത്തിക്കുക.

Post a Comment

0 Comments

CLOSE ADS


CLOSE ADS