expr:class='"loading" + data:blog.mobileClass'>

നേതാജിയുടെ കുടുംബത്തെ നെഹ്രു സര്‍ക്കാര്‍ 20 വര്‍ഷം നിരീക്ഷിച്ചു?

ന്യൂഡല്‍ഹി: ജവാഹര്‍ലാല്‍നെഹ്രു സര്‍ക്കാര്‍, ഐ.എന്‍.എ. നേതാവ് സുഭാഷ് ചന്ദ്ര ബോസിന്റെ ബന്ധുക്കളെ 20 വര്‍ഷം നിരീക്ഷിച്ചതിന്റെ രേഖകള്‍ പുറത്ത്. രഹസ്യരേഖകളുടെ പട്ടികയില്‍നിന്ന് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയ രണ്ടുരേഖകളിലാണ് നെഹ്രുസര്‍ക്കാറിന്റെ 'ചാരവൃത്തി'യുടെ വിവരങ്ങളുള്ളത്. രഹസ്യാന്വേഷണ വിഭാഗത്തിന്റേതാണ് (ഐ.ബി.) ഈ രേഖകള്‍.

പുരാരേഖകള്‍ സൂക്ഷിക്കുന്ന നാഷണല്‍ ആര്‍ക്കൈവ്‌സിലാണ് ഇപ്പോള്‍ ഇവയുള്ളത്. രേഖകളുടെ ആധികാരികത ചോദ്യംചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തി. വെളിപ്പെട്ട കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു.

1948-'68 കാലത്താണ് നേതാജിയുടെ കുടുംബത്തെ ഐ.ബി. നിരീക്ഷിച്ചത്. ഇതില്‍ 16 കൊല്ലവും നെഹ്രുവായിരുന്നു പ്രധാനമന്ത്രി. നിരീക്ഷണവിവരങ്ങള്‍ ഐ.ബി. അദ്ദേഹത്തിന് നേരിട്ടാണ് കൈമാറിയിരുന്നത്. കൊല്‍ക്കത്തയിലെ നേതാജിയുടെ രണ്ട് വസതികളും നിരീക്ഷിച്ചിരുന്നു. 

നേതാജിയുടെ കുടുംബാംഗങ്ങളുടെ കത്തുകള്‍ ചോര്‍ത്തുകയും പകര്‍ത്തുകയും ചെയ്തു. അവര്‍ നാട്ടിലും വിദേശത്തും യാത്രചെയ്യുമ്പോള്‍ അവരറിയാതെ അവരെ അനുഗമിച്ചു. അവര്‍ ആരെയെല്ലാം കാണുന്നു എന്തെല്ലാം സംസാരിക്കുന്നു എന്നറിയുകയായിരുന്നു ലക്ഷ്യം. 

നേതാജിയുടെ അനന്തിരവനും കോണ്‍ഗ്രസ് പാര്‍ട്ടി മുന്‍അംഗവുമായ ശരത്ചന്ദ്രബോസിന്റെ മക്കളായ ശിശിര്‍കുമാര്‍ ബോസ്, അമിയ നാഥ് ബോസ് എന്നിവരുടെ കാര്യത്തിലായിരുന്നു ഐ.ബിയ്ക്ക് കൂടുതല്‍ താത്പര്യം. ഇതിനുള്ള കാരണം രേഖകളില്‍ വ്യക്തമാക്കുന്നില്ല. നേതാജിയുമായി അടുപ്പമുണ്ടായിരുന്ന ഇവര്‍ ഓസ്ട്രിയയിലായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ എമിലി ഷെങ്കലുമായി ഒട്ടേറെ കത്തിടപാടുകള്‍ നടത്തിയിരുന്നു. 

വെളിപ്പെടുത്തലില്‍ നേതാജിയുടെ ബന്ധു ചന്ദ്ര കുമാര്‍ ബോസ് നടുക്കമറിയിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ സുഭാഷ് ചന്ദ്ര ബോസിനെയും കുടുംബത്തെയും സര്‍ക്കാര്‍ നിരീക്ഷിച്ചതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. നിരീക്ഷണവിവരമറിഞ്ഞ് ഞെട്ടിപ്പോയെന്ന് ജര്‍മനിയില്‍ കഴിയുന്ന നേതാജിയുടെ മകള്‍ അനിത ബോസ് ഫാഫ് പറഞ്ഞു. 

വിവരം നടുക്കമുണ്ടാക്കുന്നതും ഗൗരവമുള്ളതുമാണെന്ന് പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യനായിഡു പറഞ്ഞു. ഇക്കാര്യം അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വെളിപ്പെടുത്തല്‍ തള്ളിയ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്, മാധ്യമവാര്‍ത്ത വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് ആരോപിച്ചു. രേഖകളുടെ ആധികാരികത ചോദ്യം ചെയ്ത അദ്ദേഹം എന്‍.ഡി.എ. സര്‍ക്കാര്‍ മനഃപൂര്‍വം ചമച്ച വാര്‍ത്തയാണിതെന്നും ആരോപിച്ചു. 

നേതാജി മരിച്ചുവോ എന്ന് ഉറപ്പില്ലാഞ്ഞതിനാല്‍ അദ്ദേഹം കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടോയെന്ന് നിരീക്ഷിച്ചതാവുമെന്ന് ബി.ജെ.പി. വക്താവ് എം.ജെ. അക്ബര്‍ അഭിപ്രായപ്പെട്ടു. പക്ഷേ, എന്തിനാണ് കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ കാര്യത്തില്‍ ഇത്രമാത്രം ആശങ്കപ്പെട്ടതെന്ന് അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ്സിനെതിരെ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാന്‍ ശേഷിയുള്ള നേതാവായതിനാലായിരിക്കാം ഇതെന്നും അദ്ദേഹം പറഞ്ഞു.
Share on Google Plus

About Ariyan J

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
Related Posts Plugin for WordPress, Blogger...